Kerala
കൊച്ചി: അഞ്ചരക്കണ്ടി ദത്തല് കോളജ് വിദ്യാര്ഥി നിതിന് രാജിന്റെ മരണത്തില് ഡോ. റാമിന്റെ മുന്കൂര് ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാന് മാറ്റി. നിതിന് രാജിന് സാമ്പത്തിക ബുദ്ധിമുട്ടുകള് ഉണ്ടായിരുന്നുവെന്നും ലോണ് ആപ്പുകളുടെ ഭീഷണിയെ തുടര്ന്നാണ് വിദ്യാര്ഥി ജീവനൊടുക്കിയതെന്നുമാണ് ഡോ. റാമിന്റെ വാദം.
തന്നെ ഇതിലേക്ക് അനാവശ്യമായി വലിച്ചിഴച്ചതാണെന്നും മുന്കൂര് ജാമ്യം അനുവദിക്കണമെന്നും ഡോ. റാം വാദിച്ചു. എന്നാല് ഡോ. റാമിന് ജാമ്യം നല്കുന്നത് കേസ് അട്ടിമറിക്കപ്പെടാന് കാരണമാകുമെന്നും റാമിനെതിരെ കൃത്യമായി തെളിവുകളുണ്ടെന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു.
അഞ്ചു ദിവസത്തെ വാദത്തിന് ശേഷമാണ് നിലവില് കേസ് വിധി പറയാനായി മാറ്റിയത്. മാധ്യമങ്ങള് ഡോ. റാമിനെ വേട്ടയാടുന്നതായും കോടതിയില് അദ്ദേഹത്തിന്റെ അഭിഭാഷകന് പറഞ്ഞിരുന്നു. എന്നാല് മാധ്യമങ്ങള് അവരുടെ സാമൂഹികമായ കടമയാണ് ചെയ്യുന്നതെന്ന് കോടതി നിരീക്ഷിച്ചു.
Kerala
കൊച്ചി: കണ്ണൂര് അഞ്ചരക്കണ്ടി ഡെന്റല് കോളജ് വിദ്യാര്ഥി നിതിന് രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസില് പ്രതിയായ അധ്യാപകന് ഡോ. എം. റാമിന്റെ മുന്കൂര് ജാമ്യഹര്ജി ഇന്ന് പരിഗണിക്കാനായി മാറ്റി. വിദ്യാര്ഥിയുടെ മരണവുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും അനാവശ്യമായി തന്നെ പ്രതി ചേര്ത്തതാണെന്നും ചൂണ്ടിക്കാട്ടി നല്കിയ ഹര്ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഹര്ജിയെ എതിര്ത്ത് നിതിന്റെ പിതാവ് തിരുവനന്തപുരം സ്വദേശി രാജന് കക്ഷിചേര്ന്നിട്ടുണ്ട്.
Kerala
മലപ്പുറം: കണ്ണൂരിലെ സ്വകാര്യ ഡെന്റൽ കോളജിൽ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണത്തിൽ നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിലും വിവിധ ദളിത് സംഘടനകളും ആഹ്വാനം ചെയ്ത സംസ്ഥാന തല ഹർത്താൽ തുടങ്ങി.
വൈകുന്നേരം ആറ് വരെയാണ് ഹർത്താൽ. ബസുകളോ മറ്റു വാഹനങ്ങളോ നിർബന്ധിച്ച് തടയില്ലെന്നും വ്യാപാര സ്ഥാപനങ്ങൾ അടപ്പിക്കില്ലെന്നും ആക്ഷൻ കൗൺസിൽ അറിയിച്ചിരുന്നു. ജനങ്ങൾ ഹർത്താലുമായി സഹകരിക്കണമെന്നും അഭ്യർഥിച്ചു.
കടകൾ തുറന്നു പ്രവർത്തിക്കുമെന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ, കേരള ടെക്സ്റ്റൈൽസ് ഗാർമെന്റ്സ് ഫെഡറേഷൻ, കേരള സ്റ്റീൽ ട്രേഡേഴ്സ് അസോസിയേഷൻ എന്നീ സംഘടനകൾ അറിയിച്ചിട്ടുണ്ട്.
സ്വകാര്യ ബസുകൾ സർവീസ് മുടക്കില്ലെന്നു കേരള ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷനും അറിയിച്ചിട്ടുണ്ട്. ഹർത്താലിന് 52 ദളിത് സംഘടനകളാണ് പിന്തുണ നൽകുന്നത്.
Kerala
കണ്ണൂര്: അഞ്ചരക്കണ്ടി ദന്തല് കോളജിലെ ബിഡിഎസ് വിദ്യാര്ഥി നിതിന് രാജിന്റെ മരണത്തിലെ രണ്ടാം പ്രതി ഡോ. കെ.ടി. സംഗീത നമ്പ്യാർ അറസ്റ്റിൽ. കണ്ണൂർ എസിപി ആർ. ഹരിപ്രസാദിന്റെ മുന്നിൽ ഇന്ന് ഉച്ചയോടെയാണ് സംഗീത ഹാജർ ആകുകയായിരുന്നു. തുടർന്ന് അധ്യാപികയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു.
നേരത്തെ, തലശേരി സെഷൻസ് കോടതി സംഗീത നമ്പ്യാർക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. സംഗീതയ്ക്ക് ജാമ്യം നിഷേധിക്കാൻ മതിയായ തെളിവുകൾ ഹാജരാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അധ്യാപികയെ ചോദ്യം ചെയ്ത ശേഷം പോലീസ് വിട്ടയച്ചത്.
അതേസമയം, കേസിലെ ഒന്നാം പ്രതിയായ ഡോക്ടർ എം.കെ. റാമിനായി സംസ്ഥാനത്തിന് അകത്തും പുറത്തും പോലീസ് തെരച്ചിൽ തുടരുകയാണ്. കർണാടകയിലും ആന്ധ്രയിലുമായി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് തെരച്ചിൽ നടത്തുന്നത്.
Kerala
കണ്ണൂർ: അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി ആർ.എൽ. നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻകൂർ ജാമ്യം തേടി ഡോ. റാം ഹൈക്കോടതിയിലേക്ക്.
റാമിന്റെ മുന്കൂര്ജാമ്യാപേക്ഷ കഴിഞ്ഞദിവസം തലശേരി ജില്ലാ അഡീഷണല് സെഷന്സ് കോടതി തള്ളിയിരുന്നു. പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് തലശേരി കോടതി അധ്യാപകന് ജാമ്യം നിഷേധിച്ചത്.
അതേസമയം ആത്മഹത്യാ പ്രേരണക്കേസിലെ രണ്ടാം പ്രതി അസോസിയറ്റ് പ്രൊഫസർ ഡോ. കെ.ടി സംഗീത നമ്പ്യാർക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.
നിതിൻരാജ് നിരന്തര അധിക്ഷേപത്തിന്റെ ഇരയെന്നാണ് പ്രോസിക്യൂഷൻ വാദം. മാർച്ച് 13 മുതൽ ഒന്നും രണ്ടും പ്രതികൾ പലവിധത്തിൽ നിതിൻരാജിനെ അപമാനിക്കുകയും മോശമായി പെരുമാറുകയും ചെയ്തു.
സംഭവ ദിവസം പകൽ 12.30 മുതൽ രണ്ടുവരെ സ്റ്റാഫ് റൂമിലും പ്രിൻസിപ്പലിന്റെ മുറിയിലും ഒന്നാം പ്രതി എത്തിയതും സംശയാസ്പദമാണ്. സ്റ്റാഫ് റൂമിലും പ്രിൻസിപ്പലിന്റെ മുറിയിലും ഡോ. റാം എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും സഹോദരിക്ക് നിതിൻരാജ് അയച്ച ഓഡിയോ, വാട്സ്ആപ്പ് സന്ദേശങ്ങളും പ്രോസിക്യൂഷൻ ഹാജരാക്കി.
നിതിൻരാജിനെ കാഷ്വാലിറ്റിയിൽ എത്തിച്ചപ്പോൾ ഡോ. റാം നടത്തിയത് സഭ്യേതരമായ പരാമർശമാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു.
District News
കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ ബിഡിഎസ് വിദ്യാർഥിയായ നിതിൻ രാജ് സമൂഹത്തിൽ നിലനിൽക്കുന്ന ജാതി മേൽക്കോയ്മയുടെ ഭാഗമായ വിചാരണയുടെ ഇരയാണെന്ന് പ്രഫ. കെ.ഇ.എൻ. കുഞ്ഞഹമ്മദ്.
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മഹാത്മാ മന്ദിരത്തിൽ സംഘടിപ്പിച്ച കാന്പസ് ജനാധിപത്യ സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കാന്പസുകളിൽ വിദ്യാർഥികൾ നേരിടുന്ന അരക്ഷിതാവസ്ഥയും ഭയവും ഇല്ലാതാക്കാൻ കാന്പസുകളുടെ ജനാധിപത്യവത്കരണത്തിലൂടെ മാത്രമേ സാധ്യമാവൂവെന്നും കെ.ഇ.എൻ. കുഞ്ഞഹമ്മദ് പറഞ്ഞു.
ഒരു ദളിത് കുട്ടി അനുഭവിക്കുന്ന യാതനയുടെ നേർചിത്രമാണ് നിതിൻ രാജിന്റെ ആത്മഹത്യയെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഡോ. മാളവിക ബിന്നി പറഞ്ഞു. പട്ടികജാതി-വർഗ വിഭാഗത്തിൽ 88 ശതമാനം പേരും ജാതി അധിക്ഷേപം നേരിടുന്നുണ്ടെന്നത് പൊള്ളുന്ന യാഥാർഥ്യമാണ്. ഇതിൽ 25 ശതമാനം പേരും ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നു.
ഇക്കാര്യം സമൂഹം തിരിച്ചറിഞ്ഞ് പ്രവർത്തിക്കണമെന്നതിന്റെ ചൂണ്ടുപലകയാണ് നിതിൻ രാജിന്റെ മരണമെന്നും ഡോ. മാളവിക ബിന്നി പറഞ്ഞു. ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് പി.വി. ജയശ്രീ അധ്യക്ഷത അധ്യക്ഷത വഹിച്ചു. നോവലിസ്റ്റ് ആർ. ഉണ്ണി മാധവൻ, ടി. ഗംഗാധരൻ, ഡോ. ടി.കെ. പ്രസാദ്, കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ നന്ദജ് ബാബു,കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റ് അഷിത്ത് അശോകൻ , വി.എം.കൃഷ്ണപ്രിയ, പി.വി.രോഷിത്, ദീപു ബാലൻ, പരിഷത്ത് ജില്ലാ സെക്രട്ടറി ബിജു നെടുവാലൂർ, വി.വി.ശ്രീനിവാസൻ, ആനന്ദ് കൈലാസം, എം. ദിവാകരൻ എന്നിവർ പ്രസംഗിച്ചു. നാടൻപാട്ട് കലാകാരൻ പ്രവീൺ രുഗ്മ പാട്ടുകൾ അവതരിപ്പിച്ചു.ചിത്രകാരൻ സലീഷ്ചെറുപുഴ പ്രതിരോധ ചിത്രരചന നടത്തി.
Kerala
കണ്ണൂര്: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ തലശേരി അഡീഷനൽ സെഷൻസ് കോടതിയുടെ ഉത്തരവിലെ വിശദാംശങ്ങൾ പുറത്ത്. രണ്ടാം പ്രതി കെ.ടി. സംഗീത നമ്പ്യാർക്ക് മുൻകൂര് ജാമ്യം അനുവദിച്ചും വകുപ്പ് മേധാവി എം.കെ. റാമിന് മുൻകൂർ ജാമ്യം നിഷേധിച്ചുമുള്ള വിധിയുടെ വിശദാംശങ്ങളാണ് പുറത്തുവന്നത്.
പ്രതികൾ നിതിനെ ജാതീയമായി അധിക്ഷേപിച്ചതിന് തെളിവില്ലെന്ന് കോടതി നിരീക്ഷിച്ചു. വിദ്യാർഥികളോടുള്ള റാമിന്റെ പെരുമാറ്റം മോശമായിരുന്നുവെന്നും എന്നാൽ അത് ജാതിയെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും വിധിയിൽ പറയുന്നു. നിതിൻ രാജ് ലോൺ ആപ്പുകാരുടെ ഭീഷണി കാരണം കടുത്ത മാനസിക സമ്മർദത്തിലായിരുന്നു.
പ്രിൻസിപ്പാളിന്റെ മുറിയിൽ വച്ച് നടന്ന ചോദ്യം ചെയ്യലും തുടർന്നുണ്ടായ സൈബർ പരാതിയെക്കുറിച്ചുള്ള ഭയവുമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. പ്രിൻസിപ്പലിന്റെ മുറിയുടെ സമീപം റാമിന്റെ സാന്നിധ്യവും വിദ്യാർഥികളുടെ മൊഴികളുമടക്കം പ്രോസിക്യൂഷൻ വാദങ്ങൾ കോടതി ശരിവച്ചു. ഈ സാഹചര്യത്തിൽ റാമിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി. സംഗീത നമ്പ്യാർക്ക് എതിരെ പ്രഥമദൃഷ്ട്യാ തെളിവുകളൊന്നും ലഭ്യമല്ലെന്നും ഇതിനാലാണ് ജാമ്യം അനുവദിക്കുന്നതെന്നുമാണ് കോടതി ഉത്തരവിലുള്ളത്.
ഇതിനിടെ മരണവുമായി ബന്ധപ്പെട്ട് പിടിയിലായ ലോൺ ആപ് നടത്തിപ്പുകാരെ രണ്ടുദിവസത്തെ പോലീസ് കസ്റ്റഡിക്കുശേഷം കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി ജയിലേക്ക് അയച്ചു. കൂടുതൽ അന്വേഷണത്തിനായി പോലീസ് സംഘം ഇൻസ്റ്റന്റ് ഫണ്ട്സിന്റെ നോയിഡയിലെ ഓഫീസിലേക്കു തിരിക്കും.
Kerala
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിന് രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അധ്യാപകരുടെ മുന്കൂര് ജാമ്യാപേക്ഷയില് 25ന് വിധി പറയും. കഴിഞ്ഞ പതിനേഴിനാണ് ഡോ. റാമും സംഗീത നമ്പ്യാരും കേസില് മുന്കൂര് ജാമ്യാപേക്ഷ നല്കിയത്.
തലശേരി ജില്ലാ സെഷന്സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്കിയത്. നിതിന്റെ മരണത്തില് പങ്കില്ലെന്നും ജീവനൊടുക്കാൻ കാരണം ലോണ് ആപ്പിന്റെ ഭീഷണി മൂലമാണെന്നും അധ്യാപകരുടെ മുന്കൂര് ജാമ്യാപേക്ഷയില് പറയുന്നു. സംഭവ ദിവസം പ്രിന്സിപ്പലിന്റെ റൂമില് താന് ഇല്ലായിരുന്നുവെന്നും റാം വ്യക്തമാക്കി.
കഴിഞ്ഞ പത്തിനാണ് നിതിന് രാജ് കോളജ് കെട്ടിടത്തില് നിന്നും ചാടി ജീവനൊടുക്കിയത്. തുടർന്ന് അധ്യാപകർക്കെതിരെ ആരോപണം ഉയർന്നതോടെ ഡോ. റാമും സംഗീതയും ഒളിവില് പോകുകയായിരുന്നു.
Kerala
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള വിശദീകരണക്കുറിപ്പിൽ പരോക്ഷ കുറ്റസമ്മതം നടത്തി ഡെന്റൽ കോളജ്. ലോൺ ആപ്പ് ഭീഷണി ചോദ്യം ചെയ്തതാണ് ആത്മഹത്യയ്ക്ക് കാരണമെന്നും അധ്യാപിക പോലീസിൽ പരാതി നൽകുമെന്ന് പറഞ്ഞതോടെ നിതിൻ പുറത്തേക്കിറങ്ങി പിന്നാലെ കെട്ടിടത്തിൽനിന്ന് ചാടി ആത്മഹത്യ ചെയ്തുവെന്നും വിശദീകരണക്കുറിപ്പിൽ പറയുന്നു.
ആത്മഹത്യയ്ക്ക് കാരണം ലോൺ ആപ്പ് ഭീഷണിയാണെന്നും ജാതി വിവേചന ആരോപണം തെറ്റാണെന്നും മാനേജ്മെന്റ് ഇറക്കിയ വിശദീകരണക്കുറിപ്പിൽ പറയുന്നുണ്ട്. നിതിൻ ലോൺ എടുത്തത് സഹോദരീ ഭർത്താവിന് വേണ്ടിയാണ്. അധ്യാപികയുടെ നമ്പർ റഫറൻസ് നമ്പറിൽനിന്ന് മാറ്റാൻ ആവശ്യപ്പെട്ടു. നമ്പർ നൽകിയിട്ടില്ലെന്ന് നിതിൻ രാജ് ആവർത്തിച്ചു. ഇതോടെ അധ്യാപിക സൈബർ സെല്ലിൽ പരാതി നൽകാൻ തീരുമാനിച്ചു. ഇതിന് പിന്നാലെയാണ് നിതിൻ രാജ് ജീവനൊടുക്കിയത്.
കോളജിന് പുറത്ത് നിതിൻ രാജ് ഉൾപ്പെട്ട ചില പ്രശ്നങ്ങളുണ്ടായി. ഈ സമയത്ത് കോളജ് പരമാവധി സഹായിച്ചു. കൗൺസിലിംഗ് നൽകുമെന്ന് ഉറപ്പ് നൽകി രക്ഷിതാക്കൾ നിതിനെ കൂടെ കൊണ്ടുപോയി. ഇക്കാര്യം കോളജിലും പോലീസ് സ്റ്റേഷനിലും എഴുതി നൽകിയിരുന്നു. അധ്യാപികമാർ നിരന്തരം ആവശ്യപ്പെട്ടാണ് നിതിൻ തിരികെ കോളജിൽ എത്തിയത്.
നിതിൻ രാജ് ഒരാൾക്കെതിരെയും പരാതി നൽകിയിട്ടില്ലെന്നും മാനേജ്മെന്റ് എംഡി അദിനാൻ പറയുന്നു. അതേസമയം കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ നിതിൻ രാജിന്റെ മരണത്തിൽ പിടിയിലായ ലോൺ ആപ്പ് നടത്തിപ്പുകാരെ പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും. പ്രതികളെ വിശദമായി ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം.
Kerala
കണ്ണൂര്: അഞ്ചരക്കണ്ടി ദന്തല് കോളജിലെ ബിഡിഎസ് വിദ്യാര്ഥി നിതിന് രാജിന്റെ മരണത്തില് ലോണ് ആപ്പിനെതിരെ കേസ്. ഇന്സ്റ്റ് പേ എന്ന ആപ്പിനെതിരെ ചക്കരയ്ക്കല് പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
കഴിഞ്ഞ ജനുവരിയിലാണ് നിതിന് രാജ് ആപ്പ് വഴി 36 ശതമാനം പലിശയ്ക്ക് 15000 രൂപ വായ്പയെടുത്തത്. ഏപ്രില് മാസമായപ്പോഴേക്കും ആപ്പുമായി ബന്ധപ്പെട്ടവര് നിതിനെ നിരന്തരം ഭീഷണിപ്പെടുത്താന് തുടങ്ങി.
നിതിനെ ആപ്പുമായി ബന്ധപ്പെട്ടവര് മാനസികമായി പീഡിപ്പിച്ചുവെന്നും ഭയപ്പെടുത്തി പണം തിരിച്ചടപ്പിക്കാന് ശ്രമിച്ചുവെന്നുമാണ് എഫ്ഐആറില് പറയുന്നത്. ലോണ് ആപ്പ് നിതിന്റെ അധ്യാപികയുടെ ഫോണിലേക്ക് ഉള്പ്പെടെ ഭീഷണി സന്ദേശങ്ങള് അയച്ചതായും പ്രിന്സിപ്പല് നിതിനെ വിളിച്ചുവരുത്തി ലോണിനെക്കുറിച്ച് ചോദിച്ചതായും വാര്ത്തകള് വന്നിരുന്നു.
ലോണ് ആപ്പുമായി ബന്ധപ്പെട്ട വിഷയത്തില് മുമ്പ് സൈബര് സെല്ലും കേസെടുത്തിരുന്നു. ഇതിന്റെ വിവരങ്ങള് ചക്കരയ്ക്കല് പോലീസിന് കൈമാറുകയായിരുന്നു.
Kerala
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജിന്റെ വീട്ടിലെത്തി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
നിതിന്റെ ബന്ധുക്കളെ സന്ദർശിച്ച അദ്ദേഹം നിയമപരമായും അല്ലാതെയുമുള്ള എല്ലാ സഹായങ്ങളും നൽകാമെന്നു ബിനോയ് വിശ്വം നിതിൻ രാജിന്റെ മാതാപിതാക്കൾക്ക് ഉറപ്പുനല്കി.
സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പള്ളിച്ചൽ വിജയൻ, അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്. റഷീദ്, എഐവൈഎഫ് ജില്ലാ പ്രസിഡന്റ് കണ്ണൻ എസ്. ലാൽ തുടങ്ങിയവരും ഒപ്പമുണ്ടായിരിന്നു.
Kerala
കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിനെ കെട്ടിടത്തിൽ നിന്നുവീണ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയായ ഡോ. എം.കെ. റാമിനെ പുറത്താക്കുമെന്ന് കോളജ് അധികൃതർ.
വിദ്യാർഥികളുടെ പരാതിയിലാണ് നടപടി. കണ്ണൂർ ഡെന്റൽ കോളജിന്റെ നടപടി ഉടനുണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം. നിതിൻ രാജിന്റെ മരണത്തിൽ വിവിധ വിദ്യാർഥി സംഘടനകൾ ഉൾപ്പെടെ പ്രതിഷേധം ശക്തമാക്കിയിരുന്നു.
വെള്ളിയാഴ്ചയാണ് തിരുവനന്തപുരം സ്വദേശി നിതിൻ രാജിനെ കോളജ് കെട്ടിടത്തിൽ നിന്നുവീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ കോളജിലെ അധ്യാപകർ നിതിനെ മാനസികമായി പീഡിപ്പിച്ചിരുന്നതായി ആരോപിച്ച് കുടുംബം രംഗത്തുവരികയായിരുന്നു.
ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബം പ്രതികരിച്ചത്. നിതിന്റെ മരണത്തിൽ ആരോപണവിധേയരായ ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ. റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീത എന്നിവരെ അന്വേഷണവിധേയമായി കോളേജ് സസ്പെൻഡ് ചെയ്തിരുന്നു.
Kerala
തിരുവനന്തപുരം: ജാതീയ അധിക്ഷേപത്തെ തുടര്ന്ന് ജീവനൊടുക്കിയ അഞ്ചരക്കണ്ടി ദന്തല് കോളജ് വിദ്യാര്ഥി നിതിന് രാജിന്റെ കുടുംബത്തിന് വീട് നിര്മിച്ചു നല്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ആദ്യഘട്ടമായി അഞ്ച് ലക്ഷം രൂപയുടെ ചെക്ക് ഇന്ന് കുടുംബത്തിന് കൈമാറും. പ്രതിപക്ഷ നേതാവിന്റെ നിര്ദ്ദേശ പ്രകാരം മുന്മന്ത്രിയും അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാർഥിയുമായി വി.എസ്. ശിവകുമാർ നിതിന് രാജിന്റെ വീട്ടിലെത്തി ചെക്ക് കൈമാറും. അതേസമയം വീട് പണി ആരംഭിച്ചതിന് ശേഷം രണ്ടാം ഘട്ട തുകയും നൽകും.
വെള്ളിയാഴ്ചയാണ് കോളജ് കെട്ടിടത്തിൽ നിന്ന് വീണ നിലയിലാണ് നിതിനെ കണ്ടത്. ഉടൻ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോളജിലെ അധ്യാപകർ നിതിനെ മാനസികമായി ഉപദ്രവിച്ചിരുന്നെന്നും അധിക്ഷേപിച്ചിരുന്നെന്നുമാണ് കുടുംബം പരാതി ഉന്നയിക്കുന്നത്.
Kerala
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയ നിതിൻ രാജിന്റെ മരണത്തിൽ കൂടുതൽ പേരുടെ മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണ സംഘം. വിദ്യാർഥികളുടെയും അധ്യാപകരുടെയും മൊഴി രേഖപ്പെടുത്തും.
ഇതോടൊപ്പം കോളജ് അധികൃതരുടെയും മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസിൽ പ്രതികളായ അധ്യാപകർ നിലവിൽ ഒളിവിലാണ്. വകുപ്പ് മേധാവി ഉൾപ്പെടെയുള്ള രണ്ട് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
ലോൺ ആപ്പ് വഴിയുള്ള സാമ്പത്തിക പ്രയാസമാണ് ആത്മഹത്യക്ക് കാരണമെന്ന് വരുത്തി തീർക്കാൻ കോളജ് മാനേജ്മെന്റ് ശ്രമിക്കുന്നുവെന്ന ആരോപണം കൂടുതൽ ശക്തമായിട്ടുണ്ട്. അതേസമയം നിതിന്റെ മരണത്തിൽ അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർഥികൾ രംഗത്തെത്തി.
നിതിന്റെ മരണത്തിൽ അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർഥികൾ രംഗത്തെത്തി. ഡെന്റൽ അനാട്ടമി വിഭാഗം മേധാവി എം.കെ. റാം മാനസികവും ശാരീരികവുമായി പീഡിപ്പിച്ചിരുന്നതായി വിദ്യാർഥികൾ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടിയിലെ ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് സിറ്റി പോലീസ് കമ്മീഷണറുമായി സംസാരിച്ചിരുന്നുവെന്ന് സുരേഷ് ഗോപി എംപി. അന്വേഷണത്തിലെ കണ്ടെത്തലുകൾ പറഞ്ഞു. കുടുംബം അവരുടെ കാര്യങ്ങളും പറഞ്ഞു.
എന്നാൽ കാര്യങ്ങളിൽ ചില പൊരുത്തക്കേടുകളുണ്ട്. നാളെ ഗവർണറെ കാണും. കാര്യങ്ങൾ സംസാരിക്കും. അതുമാത്രമാണ് ഇപ്പോൾ ചെയ്യാനാവുന്നത്. മറ്റ് കാര്യങ്ങൾ സംസ്ഥാന അധ്യക്ഷനുമായി കൂടിയാലോചിച്ച ശേഷം തീരുമാനിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. നിതിൻ രാജിന്റെ വീട്ടിലെത്തിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.
Kerala
കണ്ണൂർ: നിതിൻ രാജിന്റെ മരണത്തിൽ അധ്യാപകരെ പ്രതികളാക്കി പോലീസ് കേസെടുത്തു. ഡോ. എം.കെ. റാം, ഡോ. സംഗീത എന്നിവരാണ് പ്രതികൾ. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം, പട്ടികജാതി പട്ടികവർഗ അതിക്രമ നിരോധന വകുപ്പും ഉൾപ്പെടുത്തിയാണ് കേസെടുത്തത്. നിതിൻ രാജിന്റെ ആത്മഹത്യയാണ് എന്നതിൽ സംശയം ഇല്ല. എന്നാൽ റാഗിംഗ് പരാതി അന്വേഷിക്കുമെന്നും അന്വേഷണ സംഘം തിരുവനന്തപുരത്തേക്ക് പോകുമെന്നും കണ്ണൂർ സിറ്റി പോലീസ് കമ്മീഷ്ണർ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം നിതിൻ രാജിന്റെ മരണത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരിക്കുകയാണ് പോലീസ്. കണ്ണൂർ എസിപിയുടെ നേതൃത്വത്തിൽ ഏഴംഗ സംഘത്തിനാണ് ചുമതല. കോളജിൽ അധ്യാപകരിൽ നിന്നടക്കം കടുത്ത ജാതി അധിക്ഷേപമടക്കം നിതിൻ നേരിട്ടിരുന്നെന്ന വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.
കുടുംബത്തിന്റെ ആരോപണം ശരിവയ്ക്കുന്ന ശബ്ദ സന്ദേശമടക്കം പുറത്തുവന്നിട്ടുണ്ട്. അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ സ്റ്റാഫ് റൂം പോലും നിതിനെ ആക്രമിക്കാനുള്ള ഇടമായി മാറിയെന്നും ഗേറ്റിനു പുറത്തിറങ്ങിയാൽ അധ്യാപകർ കൈയ്യും കാലും വെട്ടുമെന്നും പറയുന്നതടക്കമുള്ള ശബ്ദ സന്ദേശമാണ് പുറത്തുവന്നത്.
Kerala
തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. നിതിൻ രാജിന്റെ മരണത്തിൽ വലിയ ദുരൂഹതകളുണ്ടെന്ന് കുടുംബം ആരോപിക്കുന്ന സാഹചര്യത്തിൽ നിഷ്പക്ഷമായ അന്വേഷണം അനിവാര്യമാണെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു.
അധ്യാപകരിൽ നിന്ന് ജാതിയുടെയും നിറത്തിന്റെയും പേരിൽ നിതിൻ നേരിട്ട മാനസിക പീഡനങ്ങൾ ആത്മഹത്യയിലേക്ക് നയിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇത്തരം പ്രവണതകൾ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് നാണക്കേടാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കോളജിലെ രണ്ട് അധ്യാപകരെ സസ്പെൻഡ് ചെയ്തതുകൊണ്ട് മാത്രം നീതി ലഭിക്കില്ല. കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരുവനന്തപുരം സ്വദേശിയായ നിതിന്റെ കുടുംബം വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നവരാണെന്നും അവർക്ക് നീതി ലഭിക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പുവരുത്തണമെന്നും വേണുഗോപാൽ വ്യക്തമാക്കി.